National
മോസ്കോ: ലുഗാൻസ് പ്രദേശത്തെ ഡോർമിറ്ററിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടതായും 35 പേർക്കു പരിക്കേറ്റതായും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ആക്രമണം നടക്കുന്ന സമയത്ത് കോളജ് ഡോർമിറ്ററിയിൽ 14നും 18നും ഇടയിൽ പ്രായമുള്ള 86 പേരുണ്ടായിരുന്നു. കിഴക്കൻ യുക്രെയ്ന്റെ ഭാഗമായ ലുഗാൻസ് പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
International
ദുബായ്: യുഎഇയിലെ ബറാക ആണവനിലയത്തിലേക്ക് ഡ്രോൺ ആക്രമണമുണ്ടായത് ഇറാക്കിൽനിന്ന്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇറാൻപക്ഷ ഷിയാ സായുധ സംഘങ്ങളാണ് ആക്രമണം നടത്തിയതാണു സൂചന. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം ഷിയാ സായുധ സംഘങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കു തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തിൽ ബറാക ആണവനിലയത്തിനു കേടുപാടുണ്ടായില്ല. ആളപായവും സംഭവിച്ചില്ല.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട വിവരം റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെന്നും ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളെ കണ്ടെന്നും എംബസി അറിയിച്ചു. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്നു പ്രവർത്തിക്കുകയാണ് - എംബസി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഒരു വർഷത്തിനിടെ മോസ്കോ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ഖിംകിയിൽ ഒരു സ്ത്രീയും പോഗോറെൽക്കി ഗ്രാമത്തിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. ഖിംകിയിൽ ഡ്രോൺ ഒരു വീടിനുമുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ആക്രമണത്തിൽ മോസ്കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണശാലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, 556 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഷെറെമെറ്റീവോ എയർപോർട്ട് പരിസരത്തുനിന്നു ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണനിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
റഷ്യയുടെ ആക്രമണങ്ങൾക്കു ശക്തമായ തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രഖ്യാപിച്ചു. റഷ്യയുടെ ഉള്ളിലേക്കു കയറി അവരുടെ എണ്ണസംഭരണശാലകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം, യുക്രെയ്നിലെ നിപ്രോപെട്രോവസ്ക് മേഖലയിലെ നാലു ജില്ലകളിലായി റഷ്യ മുപ്പതിലധികം ഡ്രോൺ, ഷെല്ലാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ എട്ടുപേർക്കു പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി മുതൽ റഷ്യ 287 ഡ്രോണുകൾ തൊടുത്തതായും ഇതിൽ 279 എണ്ണം തങ്ങൾ തകർത്തതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
International
അബുദാബി: യുഎഇയിലെ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക ആണവനിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു ബറാക്ക ആണവനിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ സുരക്ഷാവലയത്തിന് പുറത്തുള്ള വൈദ്യുത ജനറേറ്ററിന് തീപിടിച്ചിരുന്നു.
ഇതേ തുടർന്ന് അബുദാബി സുരക്ഷാസേനയും അഗ്നിശമനവിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആണവനിലയത്തിന്റെ പ്രവർത്തനത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് ബാറാക ആണവനിലയത്തിന് സമീപം ആക്രമണമുണ്ടാകുന്നത്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച ശത്രു ഡ്രോണുകളെ നിർവീര്യമാക്കിയതായി സൈന്യം.
ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകളെ സൈന്യം തകർത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഡ്രോണുകളുടെ ഉറവിടമോ മറ്റു വിവരങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും എണ്ണ മന്ത്രാലയത്തിന്റെയും ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഷുവൈഖിലെ ഓയിൽ കോംപ്ലക്സിന് നേരെ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായി.
അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. അംഗീകൃത സുരക്ഷാ നടപടികൾ അനുസരിച്ച് കെട്ടിടം മുഴുവനായും ഒഴിപ്പിച്ചതായും ആർക്കും പരിക്കുകളില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: ദുബായി തുറമുഖത്തിൽ നങ്കൂരമിട്ടിരുന്ന കുവൈറ്റിലെ കൂറ്റൻ ക്രൂഡ് ഓയിൽ ടാങ്കർ "അൽ-സൽമി'ക്ക് നേരെ ആക്രമണം നടന്നതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) സ്ഥിരീകരിച്ചു.
പൂർണമായും എണ്ണ നിറച്ച കപ്പലിന് സാരമായ നാശനഷ്ടവും കപ്പലിനകത്ത് തീപിടിത്തവും ഉണ്ടായതായി കെപിസി വ്യക്തമാക്കി. സമീപ ജലപ്രദേശത്തെ വെള്ളത്തിൽ എണ്ണ ചോർച്ചയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുവെന്നാണ് അധികൃതർ പറഞ്ഞു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ കൃത്യമായ വിലയിരുത്തൽ നടപടികൾ പുരോഗമിക്കുകയാണെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
International
മോസ്കോ: റഷ്യയിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഉസ്ത്-ലുഗാ തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം. തുറമുഖത്തെ ഓയിൽ ടെർമിനലിനെ ലക്ഷ്യമിട്ട ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. 36 ഡ്രോണുകൾ വെടിവച്ചിട്ടതായി ഉസ്ത്-ലുഗാ ഉൾപ്പെടുന്ന ലെനിൻഗ്രാഡ് പ്രവിശ്യാ സർക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും തുറമുഖത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. പ്രതിദിനം ഏഴു ലക്ഷം വീപ്പ എണ്ണയാണ് ഇവിടെനിന്നു കയറ്റിയിരുന്നത്. ആക്രമണത്തെത്തുടർന്ന് കയറ്റുമതി ശേഷിയിൽ 46-60 ശതമാനം കുറവുണ്ടായി എന്നാണ് റിപ്പോർട്ട്.
International
ടെഹ്റാൻ: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്നു കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അടിയന്തര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) കീഴിലുള്ള മിന അൽ അഹമ്മദി റിഫൈനറിയിൽ വ്യാഴാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായതായി കമ്പനി അറിയിച്ചു. റിഫൈനറിയിലെ ഒരു യൂണിറ്റിൽ നേരിയ തോതിൽ തീപിടുത്തമുണ്ടായി.
വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവം നടന്ന ഉടൻ തന്നെ റിഫൈനറിയിലെ അത്യാഹിത വിഭാഗവും ധൃത കർമ്മ സേനയും സ്ഥലത്തെത്തി തീ പൂർണമായി നിയന്ത്രണവിധേയമാക്കി.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്ലാന്റിന് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുമുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കെപിസി അറിയിച്ചു.
രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ മിന അൽ അഹമ്മദിയിലുണ്ടായ ഈ സംഭവം ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ചതിനെതിരെ ഉയർന്ന ഇറാന്റെ ഭീഷണി കണ്ട് പിന്മാറില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി.
ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നായിരുന്നു സെലൻസ്കിയുടെ വാഗ്ദാനം. ഇത്തരം ഭീഷണികൾ നയതന്ത്ര രംഗത്ത് പുതിയ കാര്യമല്ലെന്നും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ഇത്തരം നിരവധി ഭീഷണികൾ കേൾക്കുന്നുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി.
ഇസ്രയേലിന് ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിലൂടെ യുക്രെയ്ൻ തങ്ങളുടെ ലക്ഷ്യമായി മാറിയെന്നും അതിനാൽ ആക്രമണമുണ്ടാകുമെന്നും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി അറിയിച്ചിരുന്നു.
എന്നാൽ ആക്രമണമല്ല പകരം സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സെലെൻസ്കി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ ഡ്രോണുകളെ തകർക്കാനുള്ള സാങ്കേതിക സഹായമാണ് തേടിയത്. ഇത് ആക്രമണത്തിനുള്ളതല്ല, മറിച്ച് പ്രതിരോധത്തിനുള്ളതാണെന്നും സെലൻസ്കി വ്യക്തമാക്കി.
International
ദുബായി: ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് അടച്ച വ്യോമപാത യുഎഇ തുറന്നു. ഒരു മണിക്കൂറോളമാണ് യുഎഇ വ്യോമപാത അടച്ചിട്ടത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
അതേസമയം ഡ്രോൺ ആക്രമണത്തിൽ അബുദാബിയിലെ എണ്ണപ്പാടത്തിന് തീപിടിച്ചു. ഷാ എണ്ണപ്പാടത്തിനാണ് തീ പിടിച്ചതെന്ന് ദുബായി മീഡിയാ ഓഫീസ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇനിയും ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
International
ദുബായി: പശ്ചിമേഷ്യൻ മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ദുബായി വിമാനത്താവളത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടിത്തമുണ്ടായത്.
വിമാനത്താവളത്തിലെ എണ്ണടാങ്കിനാണ് തീപിടിച്ചത്. തീ കെടുത്താനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടി പുരോഗമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം സൗദി അറേബ്യയ്ക്ക് നേരെ കഴിഞ്ഞ രാത്രിയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കിഴക്കൻ പ്രവിശ്യക്ക് നേരെ വന്ന 37 ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായാണ് പുറത്തുവരുന്ന വിവരം.
ഇറാൻ ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇയും സൗദി അറേബ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി.
International
അങ്കാറ: സൈപ്രസിൽ സൈനിക വിന്യാസം നടത്താൻ തുർക്കി. എഫ്-16 യുദ്ധവിമാനങ്ങൾ വിന്യസിക്കുമെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സൈപ്രസിലെ തുർക്കിഷ് അധീനമേഖലയിലായിരിക്കും വ്യോമവിന്യാസം നടക്കുക. ദ്വീപ് ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടക്കുന്നതിനാലാണ് നിർണായകമായ തീരുമാനം.
സൈപ്രസ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിക്കുന്നത് പുതിയ സംഘര്‍ഷ സാധ്യതകള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സ്ഥിതി നിയന്ത്രണത്തിലാക്കുന്നതിനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാനും നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ അറിയിച്ചു.
ഡ്രോൺ ആക്രമണത്തെ തുടർന്ന് , നിരവധി യൂറോപ്യൻ രാജ്യങ്ങൾ സൈപ്രസിലേക്ക് സഹായം വാഗ്ദാനം ചെയ്യുകയും വ്യോമ പ്രതിരോധവും മറ്റ് സൈനിക ഉപകരണങ്ങളും അയയ്ക്കുകയും ചെയ്തു. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ അടുത്ത ആഴ്ച നിക്കോഷ്യയിൽ ചർച്ചകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്ന സമയത്താണ് ആക്രമണങ്ങൾ ഉണ്ടായത്.
International
ഇര്‍ബില്‍: ഇറാക്കിലെ ഇർബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അശരണര്‍ക്കുവേണ്ടി നിർമിച്ച അപ്പാർട്ട്മെന്റ് സമുച്ചയത്തിനുനേരേ ഡ്രോൺ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം രാത്രി എട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇർബില്‍ അതിരൂപത അറിയിച്ചു.
ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്നതിനാല്‍ ദിവസങ്ങൾക്ക് മുമ്പുതന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വ്യത്യസ്ത സന്ദർഭങ്ങളിലായി മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ആക്രമണമാണു നടന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിൽ ഡോട്ടേഴ്സ് ഓഫ്മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്റെ കോൺവീന്റിനും കേടുപാടുകൾ സംഭവിച്ചു.
ഇറേനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് നേരത്തേയുണ്ടായ അക്രമത്തിൽനിന്ന് കുടിയിറക്കപ്പെട്ട ക്രൈസ്തവ അഭയാർഥി കുടുംബങ്ങളെയും അതിരൂപതയിലെ ജീവനക്കാരെയും പാർപ്പിച്ചിരുന്ന കെട്ടിടമാണിത്.
നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്നിയുടെ പേരിലാണ് അപ്പാർട്ട്മെന്റ് സമുച്ചയം സ്ഥാപിക്കപ്പെട്ടിരുന്നത്.
അതേസമയം കേടുപാടുകള്‍ സംഭവിച്ച പാര്‍പ്പിടസമുച്ചയം പുനര്‍നിര്‍മിക്കുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് വ്യക്തമാക്കി.
International
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. റാസ് തന്നൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
ബുധനാഴ്ചയുണ്ടായ ആക്രമണ ശ്രമത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് മാലിക്കി കൂട്ടിച്ചേർത്തു.
രാവിലെ നടന്ന ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.
International
കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ കുവൈത്തിൽ ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം. കുവൈത്ത് തലസ്ഥാന മേഖലയിലാണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു.
ഇതോടെ, കുവൈത്തിൽ വിവിധ സ്ഫോടനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ചൊവ്വാഴ്ച, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം, നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടത്തി ഇറാൻ. റിയാദിലെ എംബസി കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിലെ യുഎസ് കോൺസുലേറ്റുകൾക്ക് നേരെയുണ്ടായ ഒടുവിലത്തെ ആക്രമണമാണ് റിയാദിലേത്.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് ശേഷം അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു. യുഎസ് എംബസി രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ തീപിടിത്തവും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസി കോമ്പൗണ്ടിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.
International
മുസഫ: അബുദാബിയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. മുസഫയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഇറാന്റെ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും അബുദാബി അധികൃതർ വ്യക്തമാക്കി.
അതേസമയം യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ ആരംഭിച്ച പ്രത്യാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ താത്കാലിക നേതൃത്വ സമിതി അംഗം ആയത്തൊള്ള അലിറെസ അറാഫി പറഞ്ഞു.
തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അലിറെസ അറാഫി നിലപാട് വ്യക്തമാക്കിയത്. പരമോന്നത് നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തസാക്ഷിത്വം ഇസ്ലാമിക് റിപ്പബ്ലിക്കിനെ കൂടുതൽ അന്തസിലേക്കും ഉന്നതമായ ലക്ഷ്യങ്ങളിലേക്കും നയിക്കുന്ന ചാലകശക്തിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖമനയ്യുടെ വേർപാട് രാജ്യത്തിന് വലിയ നഷ്ടമാണെങ്കിലും, അത് വിപ്ലവത്തിന്റെ പാതയിൽ ഇറാനെ തളർത്തില്ല. മറിച്ച്, കൂടുതൽ ഗാംഭീര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ഇത് ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് അറാഫി പറഞ്ഞു.
നേതാക്കളുടെ രക്തസാക്ഷിത്വം വിപ്ലവത്തിന്റെ അടിത്തറയെ കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്യുക. ശത്രുക്കളുടെ നീക്കങ്ങൾ ഇറാനിയൻ ജനതയുടെ പ്രതിരോധ വീര്യം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണശുദ്ധീകരണശാല അടച്ചു. റാസ് തനുര റിഫൈനറിക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടിയത്.
സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കപ്പലുകൾ ഇതുവഴി പോകുന്നില്ല.
International
റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി.
അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്.
International
ഇസ്ളാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള യുദ്ധം മുറുകുന്നു. കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ വ്യോമത്താവളങ്ങിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി.
റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഈ വ്യോമത്താവളം ആക്രമിക്കപ്പെട്ടിരുന്നു.
ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാൻ ഡ്രോൺ ആക്രമണം നടത്തിയത്. നൂർ ഖാൻ വ്യോമതാവളത്തിന് പുറമെ ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ മോമണ്ട് ഏജൻസിയിലുള്ള ഖ്വാസായ് ക്യാമ്പ് എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്സ് ഹാൻഡിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം താലിബാനയച്ച ഡ്രോൺ വെടിവെച്ചിട്ടുവെന്ന് പാക് അധികൃതർ പറഞ്ഞു.
International
മോസ്കോ: യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടച്ചു. സുരക്ഷ മുൻനിർത്തിയാണു നടപടി. ഒരു മണിക്കൂറിനിടെ 11 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് അധികൃതർ അറിയിച്ചു. മോസ്കോയിൽ മുന്‍പും യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായിട്ടുണ്ട്.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം. തന്ത്രപ്രദാനമായ നാലു വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് 11 ഡ്രോണുകൾ യുക്രെയ്ൻ തൊടുത്തെന്നും എല്ലാം തകർത്തെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് നാല് വിമാനത്താവളങ്ങളും അടച്ചു. ഞായറാഴ്ച മാത്രം 71 ഡ്രോണുകൾ റഷ്യയിലേക്ക് യുക്രെയ്ൻ അയച്ചെന്നും വ്യോമപ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അധിനിവേശത്തിന്റെ നാലാം വാർഷികത്തിന് രണ്ട് നാൾ മാത്രം ശേഷിക്കെയാണ് റഷ്യക്കെതിരായ അതിശക്തമായ ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ശക്തമായ തിരിച്ചടിക്ക് റഷ്യൻ സൈന്യം തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കായി പ്രവർത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് തടസപ്പെട്ടത്. എന്നാൽ മോസ്കോയിലെ ആക്രമണത്തിൽ യുക്രെയ്ന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തു.
ഞായറാഴ്ച മാത്രം അഞ്ചോളം ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരം 6.35ഓടെ നൗഷേര സെക്ടറിലെ ഗനിയ-കൽസിയാൻ ഗ്രാമത്തിന് മുകളിലാണ് ആദ്യ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് സൈന്യം ഡ്രോണിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഡ്രോൺ പാക് അതിർത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബർ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം സാംബ സെക്ടറിൽ പാക് ഡ്രോൺ വർഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെടുത്തിരുന്നു. രണ്ട് പിസ്റ്റളുകൾ, മൂന്ന് മാഗസിനുകൾ, ഒരു ഗ്രനേഡ് എന്നിവയാണ് സൈന്യം കണ്ടെടുത്തത്.
International
മയാമി: യുക്രെയ്ൻ സേന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വസതി ആക്രമിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. പുടിന്റെ വസതിക്കു സീപം എന്തോ ചിലത് സംഭവിച്ചു. പക്ഷേ, പുടിന്റെ വസതിയെ ലക്ഷ്യമിട്ട് ആക്രമണം നടന്നിട്ടില്ലെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് ട്രംപ് പറഞ്ഞു.
പുടിന്റെ നൊവ്ഗോരോദിലുള്ള വസതിയെ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തിയെന്നും ഡ്രോണുകളെ വെടിവച്ചിട്ട് ആക്രമണം പരാജയപ്പെടുത്തിയെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അമേരിക്കയിലെത്തി ട്രംപുമായി ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ലാവ്റോവിന്റെ ആരോപണം.
സമാധാനശ്രമങ്ങൾ അട്ടിമറിക്കാനായി റഷ്യ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് സെലൻസ്കിയും യൂറോപ്യൻ നേതാക്കളും പ്രതികരിച്ചിരുന്നു.
International
ഖർത്തൂം: സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ പോരടിക്കുന്ന സുഡാനിൽ കുട്ടികൾക്കുനേരേയും കൂട്ടക്കുരുതി.
സൗത്ത് കോര്ഡോഫാന് സംസ്ഥാനത്തെ കലോജിയിൽ നഴ്സറി സ്കൂളിനുനേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 33 കുട്ടികളും ആറു സ്ത്രീകളും ഉള്‍പ്പെടെ 50 പേർ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സൈന്യത്തിനെതിരേ പോരാടുന്ന അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സുഡാന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
43 കുട്ടികളടക്കം 79 പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തെ യൂണിസെഫ് അപലപിച്ചു. ഇരുപക്ഷവും അടിയന്തരമായി യുദ്ധം അവസാനിപ്പിച്ച് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
അധികാരത്തർക്കത്തെത്തുടർന്ന് സായുധ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ ഒരുലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകരർ ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതി. ചാവേർ ആക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്ക് ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മുകശ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണ് പിടികൂടിയത്.
International
അങ്കാറ: അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം തുടരുന്നതിൽ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് ഡ്രോൺ ആക്രമണം തുടരുന്നതെന്ന് വെളിപ്പെടുത്തൽ നടത്തിയത്. തുർക്കിയിൽ അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിലാണ് വെളിപ്പെടുത്തൽ.
അഫ്ഗാനിസ്ഥാനുള്ളിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ പാകിസ്ഥാൻ പ്രതിനിധി സംഘം നിസഹായത പ്രകടിപ്പിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇസ്താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്ത പ്രതിരോധം തീർക്കാൻ വ്യവസ്ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങളും സെപ്റ്റംബർ 17ന് ഒപ്പുവച്ചിരുന്നു.
സമീപ മാസങ്ങളിൽ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്തശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് 2021ൽ പിൻവാങ്ങിയത്.
International
കീവ്: യുക്രെയ്നിലെ റെയിൽവെ സ്റ്റേഷന് നേരെ ഡ്രോണാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ 30 പേർക്ക് പരിക്കേറ്റു.
സുമി പ്രദേശത്തെ ഷോസ്ക സ്റ്റേഷനിലാണ് ഡ്രോണാക്രമണം നടന്നത്. റഷ്യൻ അതിർത്തിയിൽ നിന്ന് 50 കിലോമിറ്റർ മാത്രം അകലെയാണ് ഷോസ്ക സ്റ്റേഷൻ.
ആരോഗ്യപ്രവർത്തർകരും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി അപലപിച്ചു.